കായംകുളം: കാറിന്റെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്ന് ആരോപിച്ച് കാർ യാത്രികരെ ക്രൂരമായി ആക്രമിച്ച മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ മേമനമുറിയിൽ കുറച്ചിരേത്ത് വീട്ടിൽ ഇർഫാദ് (24), ഓച്ചിറ പായിക്കുഴി വേലശേരിൽ പടീറ്റതിൽ ഷെഫീക്ക് (26), ഓച്ചിറ പായിക്കുഴി മാരൂർ കിഴക്കതിൽ അനീഷ് (25) എന്നിവരാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ അഞ്ചിന് വൈകിട്ട് നാലിന് ഓച്ചിറ സത്യാലയം ജംഗ്ഷനിൽ ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിഞ്ഞുവെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന സഹോദരങ്ങളെ ആക്രമിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും എയർഗൺ പോലെയുള്ള തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് കാർ തല്ലിത്തകർക്കുകയും ചെയ്തെന്നാണ് കേസ്.
സംഭവശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ്പി ബിനുകുമാർ, സിഐ അരുൺ ഷാ, എസ്ഐമാരായ ജസ്റ്റിൻ, ജയസൂര്യ, എഎസ്ഐ ഹരി, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, അനു, ബിനു, ഷിഹാബ്, പ്രവീൺ, ഗോപകുമാർ, ഹരീഷ്, മോനി ഷ് എന്നിവരടങ്ങിയ സംഘമാ ണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.